എരമം കുറ്റൂര്‍
ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
പേരും പെരുമയുമെന്ന ചിറക്കല്‍ ബാലകൃഷ്ണന്‍ നായരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഈ പഞ്ചായത്തിന്റെ ചരിത്രപരമായ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. കോലത്തുനാട്ടിലെ ഭരണാധിപവംശത്തിന് മൂഷികവംശം അഥവാ കോലസ്വരൂപം എന്നുപേരുണ്ടായി. ഏഴിമലയുടെ പരിധിയില്‍പ്പെട്ട രാമന്തളി തലസ്ഥാനമാക്കി ആ പുരാതന രാജവംശം സ്ഥാപിച്ചതും കോലത്തുനാട് സ്വാധീനപ്പെടുത്തിയതും ഇരാമകൂടമൂവര്‍ (സംസ്കൃതത്തില്‍ രാമഘടക മൂഷികന്‍) എന്ന രാജാവായിരുന്നു. മൂഷികവംശരാജാക്കന്‍മാരുടെ സ്ഥാനപ്പേരുകളായിരുന്നു രാമന്‍ അഥവാ ഇരാമന്‍. രാമന്തളിക്ക് പുറമെ ഇരാമം എന്നു പേരുള്ള ഒരു ഉപതലസ്ഥാനം കൂടി ആ രാജവംശത്തിനുണ്ടായിരുന്നു. ഇരാമമാണ് കാലക്രമത്തില്‍ എരമം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിനോടു ചേര്‍ന്ന പ്രദേശത്ത് ഇരാമപുരം എന്ന കോട്ട ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ടോ മറ്റു കാരണങ്ങളാലോ പ്രസ്തുതകോട്ട നശിച്ചുപോയെങ്കിലും, ആ പ്രദേശം ഇന്നും രാമപുരം എന്നറിയപ്പെടുന്നു. അതിപുരാതനമായ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കാവുകളുടെയും നാടാണ് ഈ പഞ്ചായത്ത്. മുതുക്കാട്ട് കാവ്, മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം, വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രം, കരിപ്പാല്‍ നാഗം, മാതമംഗലം തൃപ്പന്നികുന്ന് ശിവക്ഷേത്രം തുടങ്ങി 28 ക്ഷേത്രങ്ങളും എരമം കടേക്കര മുസ്ളീം പള്ളി തുടങ്ങി 11 മുസ്ളീം പള്ളികളും, 4 ക്രിസ്ത്യന്‍ പള്ളികളുമുള്‍പ്പെടെ വിവിധ മതവിഭാഗങ്ങളുടെ നാല്‍പ്പതോളം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഒരൂ പൌരാണിക ജനതയുടെ പിന്‍മുറക്കാരുടെ നാട് എന്ന നിലയില്‍ എരുമം, കുറ്റൂര്‍, വെള്ളോറ എന്നീ പ്രദേശങ്ങള്‍ ദീര്‍ഘകാല സാംസ്കാരികപൈതൃകം ഉള്‍ക്കൊള്ളുന്നതാണ്. പൊതുവേ ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനമാണ് ഇവിടെ നിലനിന്നിരുന്നത്. വിവിധ ജാതിസമൂഹങ്ങള്‍ കൂട്ടം കൂട്ടമായാണ് താമസിച്ചിരുന്നത്. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഓരോ സമൂഹവും സാമൂഹ്യബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നത്. ഇത്തരം നിരവധി ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കാണാവുന്നതാണ്. ചരിത്ര പ്രസിദ്ധമായ കടേക്കരപള്ളി, മതപ്രവാചകരായി അറേബ്യയില്‍ നിന്നും വന്ന ഉലമാക്കളില്‍ ഒരാള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യസ്ഥലമാണെന്ന് പറയപ്പെടുന്നു. മതമൈത്രിയുടെ പ്രതീകമായി അറിയപ്പെടുന്ന ഇവിടെ നെയ്വിളക്ക് കത്തിക്കുക എന്നത് ഒരാചാരമാണ്. എരമം, മുതുക്കാട്ട് കാവ് ക്ഷേത്രത്തിലെ രാമായണ, മഹാഭാരത കഥകള്‍ കൊത്തിവെച്ച ശില്പവേലകള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പണിതീര്‍ത്ത ഈ രൂപങ്ങളിലുപയോഗിച്ചിരിക്കുന്ന ചായക്കൂട്ടുകള്‍ ഇന്നും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. സ്വാതന്ത്യ്രസമരകാലത്ത് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഇവിടെ ശക്തി പ്രാപിച്ചിരുന്നു. അന്നത്തെ ചിറക്കല്‍ താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈ പഞ്ചായത്തിലെ കക്കറ സ്വദേശിയായ കുപ്പാടക്കന്‍ കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു. കക്കറയില്‍ രൂപീകരിച്ച യുവക് സംഘത്തിന്റെ നേതൃത്വത്തില്‍ എല്ലാ ജാതിമതസ്ഥര്‍ക്കും വെള്ളമെടുത്ത് കുടിക്കുന്നതിനു വേണ്ടി ഒരു പൊതുകിണര്‍ കുഴിപ്പിക്കുകയുണ്ടായി. 1935-ല്‍ കോണ്‍ഗ്രസ് സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് അത് പൂര്‍ത്തിയായത്. 1936-ല്‍ എ.കെ.ജി.യുടെ നേതൃത്വത്തില്‍ മദ്രാസിലേക്ക് പോയ പട്ടിണി ജാഥ മടങ്ങിയെത്തിയപ്പോള്‍ ജാഥാംഗങ്ങള്‍ക്ക് കക്കറയില്‍ ഗംഭീരസ്വീകരണം നല്‍കിയിരുന്നു. 1937-ല്‍ ചിറക്കല്‍ താലൂക്ക് കര്‍ഷകസംഘം രൂപീകൃതമായി. കര്‍ഷകപ്രസ്ഥാനം വഹിച്ച നേതൃത്വപരമായ പങ്കാണ് അടിച്ചമര്‍ത്തപ്പെട്ട ഇവിടുത്തെ ജനതയെ ഉയര്‍ത്തെഴുന്നല്‍പ്പിച്ചത്. ഒരേ സമയത്ത് ഇത് ജാതിവിരുദ്ധപോരാട്ടവും വാശി, നുശി, വെച്ചുകാണല്‍, കങ്കാണിപ്പണം, ഒടികുത്തല്‍ തുടങ്ങിയ അക്രമപിരിവുകള്‍ക്കെതിരായ സമരവുമായിരുന്നു. എരമം, അരയാക്കീല്‍, കുറ്റൂര്‍, പുതിയവയല്‍ എന്നിവിടങ്ങളില്‍ ജാതിചിന്തക്കും അയിത്താചരണത്തിനും എതിരായി നടന്ന സമൂഹസദ്യയും കര്‍ഷകസമ്മേളനവും പഞ്ചായത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. എരമം തൈവളപ്പുകാരുടെ കുടുംബത്തെ ഒഴിപ്പിക്കുന്നതിനെതിരായി നടത്തിയ സമരം അന്നത്തെ പയ്യന്നൂര്‍ ഫര്‍ക്കയെ ആകെ ആവേശം കൊള്ളിച്ച സംഭവമായിരുന്നു. കുറ്റൂര്‍ വേങ്ങയില്‍ നായനാര്‍ എന്ന മേലാളജന്മിയുടെ കിരാതവാഴ്ചക്കെതിരായി, വ്യക്തികളെന്ന നിലയിലാണെങ്കില്‍ പോലും ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തുകയും ഒടുവില്‍ ഫ്യൂഡല്‍ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്ത കോടില്ലോന്‍ രാമന്റേയും, വണ്ണത്താന്‍ രാമന്റേയും നാടാണിത്. ഇവര്‍ നടത്തിയ സമരം, ഫ്യൂഡല്‍ ജന്മിത്തത്തിനെതിരെ നടന്ന ധീരമായ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ഈ സംഭവത്തെക്കുറിച്ച് എ.കെ.ജി തന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു. കുറ്റൂരില്‍ രണ്ട് ധീരരായ കൃഷിക്കാര്‍ ജന്മിത്വത്തിന്റെ ധിക്കാരത്തെ വെല്ലുവിളിച്ചു. വണ്ണത്താന്‍ രാമനും, കോടില്ലോന്‍ രാമനും. ഒരിക്കല്‍ ജന്മിയുടെ നേരെ നിന്നുകൊണ്ട് കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകളെ അപമാനിച്ചാല്‍ നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കും രക്ഷയുണ്ടാകില്ലെന്ന് പറയാന്‍ വണ്ണത്താന്‍ രാമന്‍ മടിച്ചില്ല. രാമനെ നേരിടാന്‍ ജന്മിക്കോ ജന്മിയുടെ കാര്യസ്ഥനോ ധൈര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ ചതിപ്പണി ചെയ്ത് അയാളെ പിടിച്ച് മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍ കൊണ്ടുപോയി ഒരു ഡോക്ടറെ പാട്ടിലാക്കി കാലിലെ ഞരമ്പ് മുറിച്ച് മുടന്തനാക്കി. കോടില്ലോന്‍ രാമന്‍ സ്വന്തം കൃഷിയിടത്തില്‍ പണി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചതിപ്രയോഗം കൊണ്ട് അയാളുടെ കത്തി കൈക്കലാക്കിയ ശേഷം അടിച്ചുവീഴ്ത്തി തല കല്ലില്‍ വച്ച് തല്ലിച്ചതച്ചുകൊന്നു. 1946-ല്‍ എരമത്ത് വാണിയ സമുദായത്തില്‍ പെട്ട കോട്ടിലകിഴക്കേ വീട്ടില്‍ രാമന്റെ വീട്ടില്‍ സമുദായതീരുമാനപ്രകാരമുള്ള ചടങ്ങിനൊരുക്കിയ സദ്യ മുടക്കാന്‍ അന്നത്തെ പര്‍ച്ചേസിംഗ് റേഷനിങ്ങ് ഇന്‍സ്പെക്ടര്‍ നടത്തിയ ധിക്കാരനടപടിയെ എതിര്‍ത്തുകൊണ്ടു നടന്ന ചെറുത്തുനില്‍പ്പും തുടര്‍ന്ന് നടന്ന ഭീകരമര്‍ദ്ദനവും ആര്‍ക്കും വിസമരിക്കാനാവാത്ത ചരിത്രമാണ്. രണ്ടാം ലോകമഹായുദ്ധം ലോകത്താകെ വിനാശം വിതച്ചപ്പോള്‍ 1948 കാലത്ത് ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടു. പട്ടിണികിടന്ന ജനങ്ങള്‍ അക്കാലത്ത്, ജന്മിമാരുടെ പത്തായങ്ങളില്‍ പൂഴ്ത്തിവെച്ചിരുന്ന നെല്ലെടുത്ത് വിതരണം ചെയ്ത സംഭവങ്ങള്‍ കുറ്റൂരിലും എരമത്തും ഉണ്ടായി. തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ കടുത്ത യാതനകളും മര്‍ദ്ദനങ്ങളും മേലാളപീഡനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. മദിരാശി വില്ലേജുപഞ്ചായത്ത് ആക്ട് പ്രകാരം മലബാറില്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ 1955 ഏപ്രിലില്‍ 8 അംഗങ്ങള്‍ അടങ്ങിയ കുറ്റൂര്‍ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലില്‍ 9 അംഗങ്ങള്‍ അടങ്ങിയ എരമം വില്ലേജുപഞ്ചായത്തും നിലവില്‍ വന്നു. കൈപൊക്കി വോട്ടുചെയ്യുന്ന സമ്പ്രദായമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നു. അക്കാലത്ത് രണ്ടു പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തന്നെ സ്വയം കടമെടുത്തുകൊണ്ടാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പുനംകൃഷി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുന്നിന്‍ പ്രദേശങ്ങളിലെ നെല്‍കൃഷിയായിരുന്നു കുറ്റൂര്‍, വെള്ളോറ ഗ്രാമങ്ങളില്‍ പ്രധാനമായുമുണ്ടായിരുന്നത്. തോട്ടവിളകളില്‍ പ്രധാനം കുരുമുളകുകൃഷിയായിരുന്നു. കളിമണ്‍പാത്ര നിര്‍മ്മാണം, പായനെയ്ത്ത്, എണ്ണയാട്ടല്‍, കുട്ട മെടയല്‍ എന്നീ പരമ്പരാഗത തൊഴിലുകളില്‍ ഒരു തനതുസംസ്കാരം വികസിപ്പിച്ചെടുക്കാന്‍ പഞ്ചായത്തിനു കഴിഞ്ഞിരുന്നു. കോയിപ്രയില്‍ നിര്‍മ്മിച്ചിരുന്ന മണ്‍പാത്രങ്ങള്‍ക്ക് താലൂക്കാസ്ഥാനത്തു പോലും വന്‍ ഡിമാന്റ് ഉണ്ടായിരുന്നു. കല്ലുകൊത്ത്, ഖാദിനൂല്‍പ്, തടി വ്യവസായം, തയ്യല്‍, ബീഡിതെറുപ്പ് എന്നിവയാണിപ്പോള്‍ പഞ്ചായത്തില്‍ അവിടവിടെയായി ചിതറികിടക്കുന്ന ചെറിയ ചെറിയ തൊഴില്‍സംരംഭങ്ങള്‍.
posted byRashith c.p
0 comments:
Post a Comment